Tuesday, November 5, 2013

ഒ.ദു.ക

ഒ.ദു.ക(ഒരു ദുരന്ത കാവ്യം)
(കേരളോത്സവം 2013 സമ്മാനാർഹമായ കവിത)

ഹായ് !!!
അവളന്നയച്ച സ്ക്രാപ്പിന്റെ മാധുര്യം
തുളുമ്പുന്നു ഇന്നുമെൻ
മനസ്സിന്റെ മോണിറ്ററിൽ

എന്റെ മനസ്സിന്റെ
പാസ്സ് വേഡ് കട്ട്
അതു തുറന്നെന്നെ
ഭ്രമിപ്പിച്ചു നീയെൻ
ഉള്ളിലെ വൈറസ്സായി മാറി

നീ എനിക്കായ് നൽകിയ
ഈ അഗ്നിതൻ ചൂര്
നാൾക്കുനാൾ ഉള്ളിലെരിഞ്ഞിരുന്നു

നീ എനിക്കയച്ച
നിൻ ചിത്രങ്ങൾ
ഉള്ളിലെൻ
പഞ്ചശരനെ തൊട്ടുണർത്തി

കാമരൂപിണിയാം നിൻ
മേനിയഴകെന്നെ
ഇരവിന്റെ തോഴനാക്കിമാറ്റി

അന്നു തൊട്ടെ പരതുകയാണു ഞാൻ
നിന്നെയീ ചാറ്റ് റൂമുകളിലൊന്നിൽ
ഇന്നലെ വരെ നിന്നെയും നോക്കി
ഞാൻ ചാറ്റ് റൂം വരാന്തയിൽ കാത്തുനിന്നു




അന്നു നീ പോസ്റ്റിട്ട
നിന്റെ ചിത്രങ്ങളിലൊന്നിൽ
ലൈക്കടിച്ചപ്പോൾ
അറിഞ്ഞീല ഞാൻ
നീ എന്റേതെന്ന്

ഒന്നു നീ ഓർക്കണം
നീകഴിഞ്ഞേയുള്ളൂ എന്തും
അറിയീ‍ലെനിക്ക്
നീയാണോ ഈ ഗൂഗിൾ

നീ.. നീയെന്ന സ്പന്ദനം
അതു തന്നെയല്ലേ
കാലചക്രം തിരിപ്പതും

നീയാം നിന്നെ
അറിയുവാനായി ഞാൻ
കയറാത്ത
ഇന്റർനെറ്റ് കഫേകളില്ല

നീ എന്നെ തിരഞ്ഞിരുന്നോ
എന്നറിയില്ല എനിക്കെന്നാലും
നീയാം നിന്നെ ഞാൻ
തിരഞ്ഞിരുന്നു

ഒരുദിനം നീ ഓൺലൈൻ
വന്നില്ലെങ്കിലെൻ
ഇടനെഞ്ചിൻ വേദന
ആരു മാറ്റും?

ഇന്നു നീ വന്നില്ല
ഇന്നലെയും വന്നില്ല
മനം വരരുചി പുത്രനെ
പ്പോലെയായി


ഭ്രാന്തമാം മനസ്സിന്റെ
നെറുകയിൽ നിൽക്കുമ്പോൾ
പെട്ടന്നു നീ ഓൺലൈൻ
വന്നു ചേർന്നു

എവിടെപ്പോയി നീ .?
എന്ന ചോദ്യത്തിനു
മറുപടിയായി സൈനൌട്ട് നൽകി
നീ മറഞ്ഞപ്പോൾ
അറിഞ്ഞീല അപരാധമെന്തു ഞാൻ
ചെയ്തെന്ന്

പിന്നീടെന്നോ നീ
വന്നപ്പോൾ
ചോദിച്ചു ഞാൻ
നീ എന്നെ പ്രേമിക്കുന്നുണ്ടോന്ന്..?

പുഞ്ചിരിയാം ഒരു സ്മൈലി
നൽകി നീ
ഒന്നും പറയാതെ ചിരിച്ചപ്പോൾ

അറിഞ്ഞീ‍ല ഞാൻ നീയെന്റെ കാമുകനെന്ന്.

1 comment:

  1. ഓർമ
    ഓർമ്മയുണ്ടോ ഒരികൽ വിദ്യ നല്കിയ അലയതിൻ പടിവാതികൽ നില്കുന്ന ഈ സഹപാഠിയെ ....
    നന്മയുടെ അമ്മയുടെ മകൾ നമൾ ..നന്മയുടെ അമ്മകൾ നല്കിയ അറിവുകൾ വിളവു ചെയ്തു നൂര് മെനീ കൊയ്ത്തു നമ്മൾ ...കടന്നു പോയ കാലം സാക്ഷി

    പഴകിയ ഓർമ്മകൾ പകുതൂ നൊകൂ ..

    ReplyDelete